കുട്ടികളുടെ സ്കൂളിൽ

കുട്ടികളുടെ സ്കൂളിൽ പേരന്റ്സ് മീറ്റിങ്ങിനായി പോകുമ്പോൾ സ്കൂൾ ഗേറ്റിനു പുറത്ത് പരിചയമുള്ളൊരു മുഖം മനസ്സിലുടക്കി. അയാൾ എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു അടുത്തെത്തിയപ്പോൾ ആളെ മനസ്സിലായി.

പിജിക്ക് പഠിക്കുമ്പോൾ എനിക്കൊരു തട്ടമിട്ട കൂട്ടുകാരി ഉണ്ടായിരുന്നു. ഞങ്ങൾ ഒന്നിച്ച് ക്ലാസ് കഴിഞ്ഞ് പോകുമ്പോൾ അവളെ കാണാനായി കാത്തു നിന്നിരുന്ന വെളുത്തു മെലിഞ്ഞ ചുരുണ്ട മുടിക്കാരൻ. ഡിഗ്രിക്ക് സഹപാഠികളായിരുന്ന അവർക്കിടയിലെ സൗഹൃദത്തിന്റെ നിറം അവരറിയാതെ തന്നെ മാറിയിരുന്നു. എങ്കിലും യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച അവളെ സ്വസമുദായത്തിൽ തന്നെ വേറെ വിവാഹം കഴിപ്പിച്ചയച്ചു.

പിന്നീട് വർഷങ്ങൾക്കുശേഷം അവനെ അന്നാണ് ഞാൻ കാണുന്നത്. എന്തു ചെയ്യുന്നു എന്നൊക്കെയുള്ള കുശലാന്വേഷണത്തിനു ശേഷം കുട്ടികൾ ഇവിടെയാണോ പഠിക്കുന്നതെന്ന് ഞാൻ ചോദിച്ചു.
ഞാൻ വിവാഹം കഴിച്ചിട്ടില്ലെന്ന പുഞ്ചിരിയോടെയുള്ള അവന്റെ മറുപടിയിൽ തളർന്നത് ഞാനാണ്. ഒരു കൂട്ടുകാരന്റെ കൂടെ വന്നതാണത്രേ. പിന്നെ ഒന്നും ചോദിക്കാനും പറയാനും നിൽക്കാതെ എങ്ങനെയോ ഒരു വിളറിയ പുഞ്ചിരി കൊണ്ട് യാത്ര ചോദിച്ച് ഞാൻ നടന്നകന്നു.

One Comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു