എനിക്ക് ഒരു പുഴുവിനെക്കിട്ടി

“എനിക്ക് ഒരു പുഴുവിനെക്കിട്ടി ” താറാക്കുഞ്ഞ് പറഞ്ഞു.

“എനിക്കും ” കോഴിക്കുഞ്ഞ് പറഞ്ഞു.

“ഞാൻ നീന്താൻ പോകുകയാണ് ” താറാക്കുഞ്ഞ് പറഞ്ഞു.

“ഞാനും ” കോഴിക്കുഞ്ഞ് പറഞ്ഞു.

നീന്താനിറങ്ങി വെള്ളത്തിൽ മുങ്ങിയ കോഴിക്കുഞ്ഞിന്റെ മുടിയിൽ കടിച്ച് പിടിച്ച് താറാക്കുഞ്ഞ് കരക്കു കയറ്റുന്ന ചിത്രം ഇന്നും  മനസിൽ തങ്ങി നിൽക്കുന്നു. ഒരു പുഴുവിനെ ഒന്നിച്ച് പങ്കിട്ട ആ രണ്ട് കൂട്ടുകാരുടെ കഥയാണ് ആദ്യമായി വായിച്ചത്.
അച്ഛൻ ഏട്ടന് വാങ്ങിക്കൊടുത്ത കുട്ടിക്കഥകളും ചിത്രങ്ങളും എന്ന പുസ്തകത്തിലെ കഥ. 

മുതിർന്നപ്പോൾ ലൈബ്രറികളിൽ നിന്ന് പുസ്തകമെടുത്ത് വായിച്ചു. മുകുന്ദൻ കഥകളുടെ ഭ്രാന്ത് പിടിപ്പിക്കുന്ന ലഹരിയുടെ ചതുപ്പിൽ ഞാനാണ്ട് കിടന്നു. മറ്റാരും എന്നെ അന്നൊന്നും അതുപോലെ സ്വാധീനിച്ചിരുന്നില്ല. ആ വായന പിന്നീട് പിജി കഴിയും വരെ നീണ്ടു നിന്നു. വിവാഹ ശേഷം ജോലിയുമായതോടെ ഇനിയൊരിക്കലും ഒരു പുസ്തകം വായിക്കാൻ സാധിക്കുമെന്ന് ഞാൻ കരുതിയില്ല.  ഒരു പുസ്തകം പോലും വായിക്കാതെ ഏഴ് വർഷങ്ങൾ. അപ്പോഴും എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളുമായി ഞാൻ സംവദിച്ചു കൊണ്ടേയിരുന്നു.  മയ്യഴിപ്പുഴയുടെ തീരങ്ങളിലിരുന്ന് ചന്ദ്രികയുടെ കാതിൽ ദാസൻ,  ‘നിന്റെയീ പാദസരങ്ങൾ ഞാനിടട്ടെ’ എന്ന് പറയുന്നത്, എന്റെ ഏകാന്തതകളിൽ ഞാൻ കേട്ടിരുന്നു.

അങ്ങനെയിരിക്കെ തിരുവനന്തപുരത്ത് നിന്നും വയനാട്ടിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുമ്പോൾ ഒരു സഹപ്രവർത്തകൻ, പ്രവാസിയുടെ ഭാര്യ വായിക്കേണ്ടതാണെന്ന് പറഞ്ഞ് ഒരു പുസ്തകം വായിക്കാൻ തന്നു . മുകുന്ദന്റെ ‘പ്രവാസം, എങ്ങനെ വായിച്ചു തീർക്കുമെന്ന് ആശങ്കപ്പെട്ടെങ്കിലും വിട്ടുകളയാൻ തോന്നിയില്ല. വായനാ ശീലമില്ലാത്ത വീട്ടിൽ മറ്റുള്ളവർ കാൺകെ വായിക്കാൻ മടി തോന്നി. രാത്രിയിൽ ഉറക്കമിളച്ച് രഹസ്യമായി വായന തുടങ്ങി. റങ്കൂണിലേക്ക് നാട് വിട്ടു പോയ  കുമാരന് വിശന്നപ്പോൾ എനിക്കും വയറെരിഞ്ഞു.  ആരാച്ചാർ വായിച്ച് ചേതനയുടെ വ്യക്തിത്വത്തിൽ അഭിമാനം കൊണ്ടു.

അങ്ങനെ വീണ്ടും ഞാൻ വായനയുടെ ലോകത്തേക്ക് എത്തി ചേർന്നു. വിശന്നുവലഞ്ഞ ഒരു കുട്ടി ആഹാരം കണ്ടതുപോലെ ആർത്തി പിടിച്ച് ഞാൻ വായിച്ചു. ഓഫീസിൽ വിൽപ്പനക്ക് കൊണ്ടു വരുന്ന പുസ്തകങ്ങൾ വാങ്ങി അലമാരയിൽ ഒളിപ്പിച്ചു വെച്ചു. മുൻപ് വായിച്ച പുസ്തകങ്ങൾ സ്വന്തമാക്കി. പ്രതിഭാ റായിയുടെ ശിലാപത്മം എന്ന പുസ്തകം ഇന്നും ഞാൻ തേടുന്ന ഒരു പുസ്തകമാണ്.

മനോഹരമായ ആ ദിവസം, ഞാൻ ആയിടക്ക് വായിച്ച ആടുജീവിതം എന്ന പുസ്തകത്തെക്കുറിച്ച് പറഞ്ഞ്
പ്രവാസിയായ ഏക മകനോടുള്ള ആ അമ്മയുടെ സ്നേഹത്തെ, ആശങ്കകളെ ചൂഷണം ചെയ്തു. എനിക്ക് വായിക്കാനായി അമ്മയെക്കൊണ്ട് വായിപ്പിക്കുക എന്ന എന്റെ ഗൂഢലക്ഷ്യം അങ്ങനെ ഞാൻ നേടിയെടുത്തു. വീട്ടിൽ അമ്മ മാത്രമുള്ള ഒരു ദിവസം, രണ്ടാമൂഴം വായിച്ചിരുന്ന് ഉച്ചക്ക് പശുവിനെ കറക്കാൻ വൈകിയതും പാലളക്കാൻ ഏറ്റവുമൊടുവിൽ എത്തിയതും പറഞ്ഞ് അന്നു വൈകുന്നേരം ഞങ്ങൾ കുറേ ചിരിച്ചു.

വെറുതെ കിടന്നുറങ്ങാതെ നിങ്ങൾക്ക് ഇവിടെയിരിക്കുന്ന ഒരു പുസ്തകമെടുത്ത് വായിച്ചു കൂടേയെന്ന് ഉച്ചക്ക് ഉറങ്ങിയെണീറ്റ് വന്ന അച്ഛനോട് പിന്നീടൊരിക്കൽ അമ്മ പറഞ്ഞത് കേട്ട് സന്തോഷം കൊണ്ട് ഞാനുളളിൽ ചിരിച്ചു പോയി.

മൂന്നു മാസം മുൻപ് ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞ് തിരുവനന്തപുരത്ത് ജോലിയിൽ പ്രവേശിക്കുന്നതിന് പോകുമ്പോൾ ‘ഫ്രാൻസിസ് ഇട്ടിക്കോര’യായിരുന്നു ആകെയുള്ള കൂട്ട്. വെറുത്തു പോയ ആ നഗരത്തിൽ ഒഴിവില്ലാത്തതിനാൽ കോട്ടയത്ത് പോസ്റ്റിങ്ങ് ലഭിച്ചത് കോരപ്പാപ്പൻ കൂടെയുള്ളതുകൊണ്ടാണെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം.

തീവ്രമായ ഗൃഹാതുരത്വത്തിൽ നിന്ന് രക്ഷപെടാൻ ഇപ്പോൾ അഷിത പുസ്തകങ്ങളിലെ ദീർഘ നിശ്വാസങ്ങളിൽ ഞാനഭയം തേടുന്നു. ഏതോ കഥയിൽ അഷിത പറയുന്നു –

ദുഃഖിക്കുന്ന സ്ത്രീകൾക്കെല്ലാം ഒരേ മുഖമാണെന്ന്.

ലക്ഷ്മി
13.11.19

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു